
കിളിമാനൂര്‍: കിളിമാനൂര്‍ സമത്വതീരം വൈദ്യുതി ശ്മശാനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളത്. അമിതമായ ചൂട് കാരണമാണ് മൃതദേഹം സംസ്‌ക്കരിക്കുന്ന മെഷീനിന്റെ ബര്‍ണര്‍ കേടായത്. ഒരു മെഷീനില്‍ നാല് ബര്‍ണറുകളാണുള്ളത്. ഇതില്‍ മൂന്ന് ബര്‍ണറുകളും കേടായ അവസ്ഥയിലാണ്. ബര്‍ണര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും നാളെ ഉച്ചയോടെ ശ്മശാനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി സമത്വതീരം വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒരു ദിവസം ശരാശരി എട്ട് മൃതദേഹങ്ങളെങ്കിലും സമത്വതീരം വൈദ്യുതി ശ്മശാനത്തില്‍ എത്തിക്കുന്നുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് പ്രവര്‍ത്തന സമയം. രാവിലെ ബുക്ക് ചെയ്യുമെങ്കിലും നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുമ്പോള്‍ മിക്കവാറും ഉച്ച കഴിയും. ഇങ്ങനെ മൃതദേഹങ്ങള്‍ ഒരുമിച്ച് എത്തിക്കുന്ന സാഹചര്യവുമുണ്ട്.
അങ്ങനെ വരുമ്പോള്‍ നിരന്തരമായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരും. ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ വേണ്ട ശരാശരി സമയം ഒന്നര മണിക്കൂര്‍ ആണ്. ഒരു മൃതദേഹം സംസ്‌ക്കരിച്ച ഉടന്‍ അടുത്തത് സംസ്‌ക്കരിക്കുമ്പോള്‍ മെഷീന്‍ അമിതമായി ചൂടാകുന്നത് വഴി ബര്‍ണറുകള്‍ കേടാകും. മിക്കവാറും ദിവസങ്ങളില്‍ രാത്രി 11 മണിവരെ ശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.