
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹവും. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ വി.മുരളീധരന്റെ വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ഒരു കാര്‍ തകര്‍ക്കപ്പെടുകയും പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി വി.മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുണ്ടായ അക്രമങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു വി.മുരളീധരന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി.മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വി.മുരളീധരന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന പോലീസ് വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി.