
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്(ടി.എം.സി) തുടര്‍ ഭരണത്തിലേക്ക്. ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 292 സീറ്റുകളില്‍ 204 ഇടത്ത് ടി.എം.സി. ലീഡ് ചെയ്യുകയാണ്. ബി.ജെ.പി. 84 ഇടത്തും മുന്നേറുന്നു. കഴിഞ്ഞ തവണ നേടിയ സീറ്റുകളിലുടെ ഇരട്ടിയോളം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് ആദ്യഫല സൂചനകളില്‍നിന്ന് മനസിലാക്കാവുന്നത്.
2016-ല്‍ ബി.ജെ.പി 44 സീറ്റുകളിലാണ് വിജയിച്ചത്. ടി.എം.സി 211 സീറ്റില്‍ വിജയിച്ചിരുന്നു. ഇത്തവണ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ പോരാടിയ ബി.ജെ.പിക്ക് അതിനടുത്തെത്താന്‍ പോലും സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ഇതുവരെ നല്കുന്ന സൂചന. അതേസമയം, പാര്‍ട്ടി വന്‍ വിജയം നേടുമ്പോഴും മമത ബാനര്‍ജിയുടെ അവസ്ഥ ത്രിശങ്കുവിലാണ്.
നന്ദിഗ്രാം മണ്ഡലത്തില്‍ മത്സരിച്ച മമത ബാനര്‍ജി മൂവായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ്. ബി.ജെ.പിയുടെ സുവേന്ദു അധികാരിയാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. മമ്ത ബാനര്‍ജിയുടെ വിശ്വസ്തമായിരുന്ന സുവേന്ദു അടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കൊല്‍ക്കത്തയിലെ തന്റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. സുവേന്ദു അധികാരിക്ക് വ്യക്തമായ മേല്‍ക്കൈയുള്ള മണ്ഡലമാണ് നന്ദിഗ്രാം.