
പരവൂര്‍: പരവൂര്‍ പൊഴിക്കരയില്‍ കരയിലെത്തി ഒരു പുരയിടത്തില്‍ അകപ്പെട്ട ഭീമന് കടലാമയെ പരവൂര്‍ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് 250 കിലോയോളം തൂക്കം വരുന്ന കടലാമ പുരയിടത്തില്‍ അകപ്പെട്ട വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം കടലാമയെ കടലിലേക്ക് ഇറക്കിവിടുകയായിരുന്നു. മുട്ടയിടാനായി കരയില്‍ കയറിയ കടലാമ എങ്ങനെയോ തീരത്തുള്ള പുരയിടത്തില്‍ അകപ്പെടുകയായിരുന്നു.
കടലാമ സ്വയം തിരിച്ചിറങ്ങുമെന്ന പ്രതീക്ഷയില്‍ ഫയര്‍ഫോഴ്സ് സംഘം കുറേനേരം കാത്തുനിന്നു. എന്നാല്‍ പുരയിടത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കടലാമയ്ക്ക് സാധിക്കാതെ വന്നതോടെയാണ് ഫയര്‍ഫോഴ്സ് സംഘം അതിനെ കടലിലേക്ക് ഇറക്കിവിട്ടത്. അവശനിലയിലായിരുന്ന കടലാമയെ അവിടെയുണ്ടായിരുന്ന തെരുവുനായ്ക്കള്‍ ഉപദ്രവിച്ചേക്കുമെന്ന സംശയംകൂടി ഉള്ളതുകൊണ്ടാണ് ഫയര്‍ഫോഴ്സ് തന്നെ പണിപ്പെട്ട് കടലാമയെ കടലിലേക്ക് ഇറക്കിവിട്ടതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരവൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ വിജയകുമാര്‍, ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍മാരായ അനീഷ്, ഇഷാന്, അഖില്‍, നിസാമുദ്ദീന്‍, സിവില്‍ ഡിഫന്‍സ് ടീം അംഗമായ ബിനുലാല്‍ എന്നിവരാണ് കടലാമയെ രക്ഷപെടുത്താനുള്ള ഉദ്യമം വിജയകരമായി പൂര്‍ത്തിയാക്കിയത്.