Breaking News

ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഓക്‌സിജന്‍ എക്‌സ്പ്രസുമായി റെയില്‍വേ, വീഡിയോ

മുബൈയിലെ കലംബൊലി ഗുഡ്സ് യാഡില്‍ നിന്ന് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലേക്ക് പോകുന്ന ഓക്‌സിജന്‍ എക്‌സ്പ്രസ്‌

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ചികിത്സയ്ക്കായി ഓക്‌സിജന്‍ എത്തിക്കുന്നതിന് ഓക്‌സിജന്‍ എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ഞായറാഴ്ചയാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. ജംഷഡ്പുര്‍, ബൊക്കാറോ, വിശാഖപട്ടണം, റൂര്‍ക്കേല എന്നിവടങ്ങളില്‍ നിന്ന് ഓക്സിജന്‍ ശേഖരിച്ച് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാണ് പദ്ധതി.
ഓക്‌സിജന്‍ നിറയ്ക്കാനായി ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് നവി മുബൈയിലെ കലംബൊലി ഗുഡ്സ് യാഡില്‍ നിന്ന് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലേക്ക് റോ-റോ(റോള്‍-ഓണ്‍-റോള്‍-ഓഫ്) ട്രെയിന്‍ തിങ്കളാഴ്ച യാത്ര തിരിച്ചതായും സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. മഹാരാഷ്ട്രയിലെ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ദ്രവരൂപത്തിലുള്ള ഓക്സിജന്‍ ടാങ്കറുകളില്‍ നിറച്ചായിരിക്കും തീവണ്ടി മടങ്ങിയെത്തുക. മടങ്ങിയെത്തുന്ന തീവണ്ടിയില്‍ നിന്ന് വിവിധ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് ഓക്സിജനെത്തിക്കും.
വെറും 24 മണിക്കൂറുകള്‍ കൊണ്ടാണ് ടാങ്കറുകള്‍ വാഗണുകളിലേക്ക് കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഒരു റാംപ് നിര്‍മ്മിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ആദ്യമായാണ് റെയില്‍വേ ഓക്സിജന്‍ എക്സ്പ്രസ് ഓടിക്കുന്നതെന്നും ഹരിത ഇടനാഴി ഉപയോഗപ്പെടുത്തി ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി തീവണ്ടി മടങ്ങിയെത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *