Breaking News

എന്‍.എസ്.എസ്-സി.പിഎം പോര്: പരിധി വിടരുതെന്ന മുന്നറിയിപ്പുമായി ലേഖനം

എ.വിജയരാഘവന്‍, ജി.സുകുമാരന്‍നായര്‍

തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ സി.പി.എം-എന്‍.എസ്.എസ് പോര് മുറുകുന്നു. എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുകയാണ് സി.പി.എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് സി.പി.എമ്മിന്റെ വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാട് സമുദായ അംഗങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസിലാകുമെന്നുമാണ് സി.പി.എം താല്‍ക്കാലിക സെക്രട്ടറി എ.വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.
സമുദായ സംഘടനകള്‍ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്ന് എന്‍.എസ്.എസിന് മുന്നറിയിപ്പ് നല്‍കുന്ന ലേഖനത്തില്‍ വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍ സ്വീകരിച്ച നിലപാടിനെയും വിമര്‍ശിക്കുന്നു. വോട്ടെടുപ്പ് ദിവസം ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.
സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. എല്ലാ സമുദായത്തിലെയും പാവങ്ങള്‍ക്ക് വേണ്ടിയാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്. അത് സമുദായത്തിലെ പാവപ്പെട്ടവരുടെ താല്‍പര്യത്തിന് എതിരാണെന്ന് സുകുമാരന്‍ നായരെ പോലുള്ള നേതാക്കള്‍ മനസിലാക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും ലേഖനത്തില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *