
വര്‍ക്കല: ഇലകമണ്‍ കൊച്ചുപാരിപ്പള്ളിയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തീയിട്ട് നശിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വലിയ ഫ്ളക്സ് ബോര്‍ഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡും സമാനമായ രീതിയില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാത്രിയുടെ മറവിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടതെന്ന് ഇരുമുന്നണികളും പറയുന്നു.
നാട്ടുകാര്‍ പിരിവിട്ട് സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിക്കപ്പെട്ടതെന്ന് കര്‍ഷക കോണ്‍ഗ്രസ് ഇടവ മണ്ഡലം സെക്രട്ടറി ഷിബു പറഞ്ഞു. സംഭവം പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച ബോര്‍ഡാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതെന്ന് ഇലകമണ്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോജ് വിശാല്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് കരവാരം ജംഗ്ഷനില്‍നിന്ന് അയിരൂര്‍ ചന്തമുക്ക് വരെ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രകോപനപരമായ നടപടികളാണ് ഉണ്ടാകുന്നതെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളില്‍ യു.ഡി.എഫിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുക, പോസ്റ്ററുകളും ഫ്ളക്സുകളും നശിപ്പിക്കുക, എല്‍.ഡി.എഫിന്റെ ചുവരെഴുത്തിന്റെ മുകളില്‍ യു.ഡി.എഫിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുക തുടങ്ങിയ രീതികളാണ് യു.ഡി.എഫ് പിന്തുടരുന്നത്. ഇലകമണിന് പുറത്തുനിന്നുള്ളവരാണ് ഇതൊക്കെ ചെയ്യുന്നതെന്നും സി.പി.എം ഏരിയാ കമ്മിറ്റിയംഗം ജോസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പോലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.