
കോട്ടയം: ശബരിമല വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ ചില ഇടതുപക്ഷനേതാക്കള്‍ അതിരുകടന്ന വിമര്‍ശനം നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അവരവരുടെ ആചാരങ്ങളും വിശ്വാസങ്ങളും ജീവവായുപോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ അത് മറക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ആചാര സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചത് ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ പേരിലല്ല. എന്‍.എസ്.എസ് എന്ന സംഘടനയ്ക്കോ നേതൃത്വത്തിനോ പാര്‍ലമെന്ററി മോഹങ്ങള്‍ ഇല്ല. സ്ഥാനമാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതില്ക്കല് പോയിട്ടുമില്ല. എന്‍.എസ്.എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണെന്നും അതില്‍ രാഷ്ട്രീയം കാണുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.