
തിരുവനന്തപുരം: തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പേരുകള്‍ പറയാതിരുന്നാല്‍ ചിലര്‍ സഹായിക്കുമെന്ന് കേസിലെ പ്രതി സ്വപ്നക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ സ്വപ്നയെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കോടതി ഉത്തരവ് പ്രകാരം ഇ.ഡിയുടെ കസ്റ്റഡിയില്‍ നല്കിയ ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥയായ മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ മുഖ്യമന്ത്രിയുടെയും എം.ശിവശങ്കറിന്റെയും പേരുകള്‍ പറയരുതെന്ന് സ്വപ്നയോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ വൈകാതെ തന്നെ ജയില്‍ മോചിതയാകാന്‍ സഹായിക്കാമെന്നും അതിന് കഴിവുള്ളവര്‍ പുറത്തുണ്ടെന്നും പറഞ്ഞു-റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഈ ഉദ്യോഗസ്ഥ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്തെന്നും ചിലരുടെ പ്രത്യേക താല്പര്യപ്രകാരമാണ് താന്‍ എത്തിയതെന്നും പറഞ്ഞതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ‘രണ്ടാം ദിവസം അവര്‍ ഡ്യൂട്ടിക്ക് വന്നത് ഫോണുമായാണ്. പുറത്തുള്ള ചിലരുമായി സംസാരിച്ചതായും പറഞ്ഞുതരുന്ന പോലെ അവരോട് പറയണമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന് ഇക്കാര്യം എന്നില്‍നിന്ന് നേരിട്ട് കേള്‍ക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞു. അതിനുശേഷം ഫോണ്‍ എന്റെ നേരെ നീട്ടി പിടിച്ചു. വനിതാ ഉദ്യോഗസ്ഥ പറഞ്ഞതുപോലെ ഞാന്‍ ഫോണില്‍ പറഞ്ഞു’-സ്വപ്ന മൊഴി നല്കി. ശബ്ദരേഖയെ കുറിച്ച് അന്വേഷിക്കാന്‍ വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടും പിന്നീട് മജിസ്ട്രേട്ടിനോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.