Breaking News

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയില്‍നിന്ന്‌

വര്‍ക്കല: എല്‍.ഡി.എഫ് വര്‍ക്കല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് 5ന് വര്‍ക്കല യു.ഡി ഓഡിറ്റോറിയം കോമ്പൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു കണ്‍വെന്‍ഷന്‍. എല്‍.ഡി.എഫ് വര്‍ക്കല മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി.രഞ്ജിത്ത് യോഗത്തില്‍ സ്വാഗതം പറഞ്ഞു.
യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പന്ന്യന്‍ രവീന്ദ്രന്‍ ആഞ്ഞടിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം പെന്‍ഷന്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ വേണോ, 600 രൂപ പെന്‍ഷന്‍ 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ച് മുടക്കം വരുത്താതെ ജനങ്ങള്‍ക്ക് എത്തിക്കുന്ന സര്‍ക്കാര്‍ വേണോയെന്ന് ജനങ്ങള്‍ ചിന്തിക്കണം. ഇന്ത്യയൊട്ടാകെ ഇപ്പോള്‍ ജനപ്രതിനിധികളെ കച്ചവടം ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്.

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു

ഇന്ന് നിങ്ങള്‍ യു.ഡി.എഫ് ജനപ്രതിനിധിയെ തെരഞ്ഞെടുത്താല്‍ നാളെ അവര്‍ ബി.ജെ.പിയില്‍ എത്തുമെന്നും കേരളം ബി.ജെ.പി ഭരിക്കുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ കേരളം കലാപഭൂമിയാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അഡ്വ.വി.ജോയി എം.എല്‍.എ സംസാരിക്കുന്നു

കഴിഞ്ഞ 5 വര്‍ഷം വര്‍ക്കലയില്‍ സമാനതകളില്ലാത്ത വികസനമാണ് നടപ്പിലാക്കിയതെന്ന് അഡ്വ.വി.ജോയി പറഞ്ഞു. എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന വികസനമാണ് വര്‍ക്കലയില്‍ നടന്നത്. വര്‍ക്കലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് എല്‍.ഡി.എഫ് ഭരണസമിതിയാണ്. വര്‍ക്കലയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന കാര്യങ്ങളാണ് വര്‍ക്കലയില്‍ നടപ്പിലാക്കിയത്. എം.എല്‍.എയുടെ പ്രവര്‍ത്തി കാരണം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.എസ്.ഷാജഹാന്‍, അഡ്വ.മടവൂര്‍ അനില്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി, സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ അഡ്വ.വി.ജോയി, എല്‍.ഡി.എഫ് വര്‍ക്കല മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി.രഞ്ജിത്ത്, എന്‍.സി.പി നേതാവ് അഡ്വ.വര്‍ക്കല ബി.രവികുമാര്‍, എല്‍.ജെ.ഡി നേതാവ് ചാരുപാറ രവി, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.ഫിറോസ്‌ലാല്‍, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബുഹാരി മന്നാനി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
സി.പി.എം നേതാവായ അഡ്വ.എസ്.സുന്ദരേശന്‍, സി.പി.ഐ(എം) ഏരിയ സെക്രട്ടറി എസ്.രാജീവ്, സി.പി.ഐ മണ്ഡലം സെക്രട്ടറി മണിലാല്‍, കേരള കോണ്‍ഗ്രസ്(എസ്) സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ജനതാദള്‍(എസ്) നേതാവ് സജീര്‍ രാജകുമാരി, ജില്ലാ പഞ്ചായത്തംഗം ഗീത നസീര്‍ തുടങ്ങി സി.പി.ഐ(എം)ന്റെയും ഘടകക്ഷികളിലെയും നേതാക്കള്‍, വിവിധ പഞ്ചായത്തുകളുടെ ഭരണസമിതി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *