
വര്‍ക്കല: വര്‍ക്കല മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം.ഷെഫീര്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. രാവിലെ ശിവഗിരി സന്ദശനത്തോടെയാണ് ഷെരീഫ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വൈകിട്ട് 3.30ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റെയില്‍വെ സ്റ്റേഷനില്‍നിന്ന് ആരംഭിച്ച റോഡ് ഷോ ഇടവ, മാന്തറ, വര്‍ക്കല ക്ഷേത്രം, മൈതാനം, ചുമടുതാങ്ങി ജംഗ്ഷന്‍, വെട്ടൂര്‍, പഴയചന്ത, പാലച്ചിറ, വട്ടപ്ലാമൂട്, നടയറ, ഇലകമണ്‍, പള്ളിക്കല്‍, നാവായിക്കുളം വഴി കല്ലമ്പലത്ത് അവസാനിക്കും.

വര്‍ക്കല ശിവഗിരി ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കേണ്ട തീര്‍ത്ഥാടന കേന്ദ്രമാണ്. ശിവഗിരിയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടണം. അതിനുവേണ്ടി താന്‍ പരിശ്രമിക്കുമെന്നും ശിവഗിരിയില്‍നിന്ന് പ്രചരണത്തിന് തുടക്കംകുറിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സ്ഥാനാര്‍ത്ഥി ബി.ആര്‍.എം.ഷെഫീര്‍ പറഞ്ഞു. വര്‍ക്കല കഹാര്‍ തുടങ്ങിവച്ച പല വികസന പദ്ധതികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇടതുപക്ഷം കോണ്‍ഗ്രസുകാരെ വേട്ടയാടിയ മണ്ണാണ് വര്‍ക്കല. വര്‍ക്കല മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ തനിക്ക് ബാധ്യതയുണ്ട്. ഞാന്‍ മുന്നില്‍നിന്നുതന്നെ പടനയിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.എം.ബഷീര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.റിഹാസ്, അഡ്വ.ബി.ഷാലി, വര്‍ക്കല മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സജി വേളിക്കാട്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീര്‍ ഷാ പാലോട്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിഹാദ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് ജയശ്രീ, നാവായിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.താഹ, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്‌സല്‍ മടവൂര്‍, ഗാന്ധിദര്‍ശന്‍ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് മാങ്കോണം എന്നിവര്‍ പങ്കെടുത്തു.