Breaking News

കൊടുങ്ങല്ലൂരും ഉടുമ്പന്‍ചോലയും ബി.ഡി.ജെ.എസില്‍നിന്ന് ബി.ജെ.പി തിരിച്ചെടുത്തു

തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: കൊടുങ്ങല്ലൂര്‍, ഉടുമ്പന്‍ചോല മണ്ഡലങ്ങള്‍ ബി.ഡി.ജെ.എസില്‍നിന്ന് തിരിച്ചെടുത്ത് ബി.ജെ.പി. രണ്ടിടത്തും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ സീറ്റുകള്‍ തിരിച്ചെടുത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരില്‍ സന്തോഷ് ചിറക്കുളവും ഉടുമ്പന്‍ചോലയില്‍ രമ്യ രവീന്ദ്രനും ആണ് ബിജെപി സ്ഥാനാര്‍ഥികള്‍.
ഉടുമ്പന്‍ചോലയില്‍ ഇടുക്കി ജില്ലാ ട്രഷറര്‍ സന്തോഷ് മാധവനെയും കൊടുങ്ങല്ലൂരില്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്തിനെയുമാണ്ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. എന്നാല്‍, ബി.ജെ.പി സ്ഥാനാര്‍ഥികളെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോഴാണ് മാറ്റത്തെപ്പറ്റി ബി.ഡി.ജെ.എസ് നേതാക്കള്‍ പോലും അറിഞ്ഞത്. ബി.ജെ.പി ദേശീയ നേതൃത്വത്തോട് തുഷാര്‍ വെള്ളാപ്പള്ളി അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട വടകരയിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇനി കോതമംഗലം, കുട്ടനാട് സീറ്റുകളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട സീറ്റുകളില്‍ ബാക്കിയുള്ളത്. അതേസമയം, കൊടുങ്ങല്ലൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയെ താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. അതോടെ ഉണ്ണികൃഷ്ണന്‍ പിന്മാറി. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ കൊടുങ്ങല്ലൂര്‍ സീറ്റ് നല്‍കാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. തുഷാര്‍ മത്സരിക്കുന്നില്ലെന്ന് ഉറപ്പിച്ചതോടെയാണ് ബി.ജെ.പി സീറ്റ് തിരിച്ചെടുത്തതെന്നാണു സൂചന.
കുട്ടനാട്ടില്‍ എല്‍.ഡി.എഫിലെ പ്രമുഖ നേതാവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബി.ഡി.ജെ.എസ് എന്നാണു സൂചന. നേരത്തെ ചേര്‍ത്തല സീറ്റില്‍ സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കി ബി.ഡി.ജെ.എസ് എല്‍.ഡി.എഫിനെ ഞെട്ടിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *