
വര്‍ക്കല: വര്‍ക്കല മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ അഡ്വ.വി.ജോയി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. സ്വന്തം വീട് പാര്‍ട്ടി ഓഫീസിന് സമര്‍പ്പിച്ച ഇടവ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാശിവന് നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ 5 വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ സംസ്ഥാനമൊട്ടാകെ സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കിയത്. കേരള സംസ്ഥാനം രൂപപ്പെട്ടതിന് ശേഷം ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാവില്ല. അതൊക്കെ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേക്ക് പോവുകയാണ്. വര്‍ക്കലയിലും മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. വര്‍ക്കലയുടെ എല്ലാ മേഖലയിലും വികസനമെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനത തനിക്ക് അനുകൂലമായ വിധിയെഴുതുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ പ്രചരണം തുടങ്ങിയതിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ അഡ്വ.വി.ജോയി മണ്ഡലത്തില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ലോക്കല്‍, ബ്രാഞ്ച് പ്രതിനിധികള്‍ അടക്കം വനിതകളുള്‍പ്പെട്ട പ്രാദേശിക നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.