Breaking News

കടകംപള്ളിയുടെ കള്ളക്കരച്ചില്‍ സമൂഹം വിശ്വസിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ നിലപാട് മാറ്റത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആയിരംവട്ടം ഗംഗാ തീര്‍ത്ഥത്തില്‍ മുങ്ങിയാലും സുരേന്ദ്രന് മാപ്പില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. നിലപാട് മാറ്റം അപഹാസ്യമാണെന്ന് പറഞ്ഞ അദ്ദേഹം കടകംപള്ളിയുടേത് കള്ളക്കരച്ചിലെന്നും ആക്ഷേപം ഉന്നയിച്ചു. ശബരിമല വിഷയത്തില്‍ കടകംപള്ളിയുടെ തെറ്റ് സമ്മതിക്കലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണ്. ശബരിമല വിഷയത്തില്‍ കാണിച്ച അനീതികള്‍ക്ക് ഓരോന്നോരോന്നായി കടകംപള്ളി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം.
കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്. ക്ഷേത്രങ്ങള്‍ ഈ നിലയില്‍ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടല്‍ കൊണ്ടാണ്. അദ്ദേഹത്തിന്റെ കള്ളക്കരച്ചില്‍ കേരളത്തിലെ പൊതു സമൂഹം വിശ്വസിക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാല്‍ സാധിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *