
തിരുവനന്തപുരം: വിവാദ ഐ ഫോണ്‍ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷും ഉപയോഗിച്ചുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇക്കാര്യങ്ങള്‍ കസ്റ്റംസ് ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ വിനോദിനി ബാലകൃഷ്ണനില്‍നിന്ന് ഇ.ഡിയും മൊഴിയെടുക്കുമെന്നാണ് സൂചന.
കസ്റ്റംസ് ചോദ്യം ചെയ്താലുടന്‍ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇ.ഡിയുടെ നീക്കം. കൊച്ചി, ബെംഗളൂരു യൂണിറ്റുകളിലെ ഇ.ഡി ഉദ്യോഗസ്ഥരായിരിക്കും വിനോദിനിയുടെ മൊഴി രേഖപ്പെടുത്തുക. കോള്‍ പട്ടിക പരിശോധിച്ചതില്‍നിന്നാണ് സന്തോഷ് ഈപ്പന് യു.എ.ഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ ബിനീഷ് കോടിയേരി ഉപയോഗിച്ചുവെന്ന വിവരം കസറ്റംസിന് ലഭിച്ചത്.
ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. ലൈഫ് മിഷന് കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യു.എ.എഫ്.എക്സ് സൊല്യൂഷന്‍സും കേസില്‍ ഉള്‍പ്പെട്ടതോടെ ഫോണ്‍ ഓഫാക്കി.
വിനോദിനി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് നല്‍കാനാണ് കസ്റ്റംസ് തീരുമാനം. ഫോണ്‍ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഈപ്പന് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കോടതിയുടെ അനുമതി തേടും. ഫോണ്‍ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനുശേഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടര്‍ ചോദ്യങ്ങളിലേക്കും പോകുക.