
കോഴിക്കോട്: എന്‍.സി.പിക്ക് ലഭിച്ച 3 സീറ്റുകളിലെ ഏലത്തൂരില്‍ എ.കെ.ശശീന്ദ്രന് തന്നെ മത്സരിക്കണമെന്ന് എന്‍.സി.പി ജില്ലാ ഘടകത്തില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നു. പാര്‍ട്ടിക്ക് ലഭിച്ച കുട്ടനാട് സീറ്റില്‍ തോമസ്.കെ.തോമസ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കോട്ടയ്ക്കല്‍ സീറ്റില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയാവും വരിക. അങ്ങനെയെങ്കില്‍ സാമുദായിക സന്തുലനത്തിന് ഏലത്തൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വാദം.
രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും മറു വിഭാഗം ആവശ്യപ്പെടുന്നു. ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ അത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ മുസ്ലിം പ്രാധിനിത്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സ്ഥാനാര്‍ത്ഥികളില്‍ ഒരു മത വിഭാഗത്തിന്റെ പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്യും.
ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ചേര്‍ന്ന എന്‍.സി.പി ജില്ലാ നേതൃയോഗം ബഹളത്തിലേക്ക് വഴിമാറി. സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് മാസ്റ്റര്‍ എ.കെ.ശശീന്ദ്രന് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എലത്തൂരില്‍ രണ്ട് തവണയടക്കം എട്ട് പ്രാവശ്യം നിലവില്‍ ശശീന്ദ്രന് മത്സരിച്ചിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഇത്തവണ മാറി നില്ക്കട്ടെ എന്ന നിര്‍ദേശം വന്നത്. തര്‍ക്കമുണ്ടായാല്‍ മണ്ഡലം സി.പി.എം ഏറ്റെടുക്കുമെന്ന ആശങ്കയും ഉണ്ട്. എന്നാല്‍ എലത്തൂര്‍ എന്ത് വിലകൊടുത്തും നിലനിര്‍ത്തണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടി തന്നെ ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍.