
ന്യൂഡല്‍ഹി: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം. രാജ്യമെങ്ങും കര്‍ഷക പ്രതിഷേധം പുകയുന്നതിനിടെയാണ് പുതിയ നീക്കം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയര്‍ (സിസിഇഎ) 67 ശതമാനം വില വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
2019 ഫെബ്രുവരിയില്‍ അസംസ്‌കൃത ചണത്തിന് 3700ല്‍നിന്ന് 3950 രൂപയായി താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും ചണത്തിന്റെ ഉല്‍പാദനം വര്‍ധിക്കുമെന്നുമാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ 70% ചണ മില്ലുകളും പ്രവര്‍ത്തിക്കുന്നത് ബംഗാളിലാണ്. അതില്‍തന്നെ 60% ഹൂഗ്ലി നദിയുടെ തീരത്താണ്. രാജ്യത്തെ 4 ലക്ഷം ചണത്തൊഴിലാളികളില്‍ 2 ലക്ഷവും ബംഗാളിലാണ്.
ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ താഴെയിറക്കുന്നതിന് വന്‍ പ്രചാരണമാണ് ബിജെപി നടത്തുന്നത്. പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് കേന്ദ്രം 6000 രൂപ നല്‍കുന്നത് മുഖ്യമന്ത്രി മമത തടഞ്ഞു. സംസ്ഥാന സര്‍ക്കാരിലൂടെ മാത്രമേ പണം കൈമാറാന്‍ സാധിക്കൂ എന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മമത സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. അധികാരത്തിലെത്തി കേന്ദ്രനയങ്ങള്‍ നേരിട്ടു നടപ്പാക്കുകയാണു ലക്ഷ്യമെന്നു ബിജെപി പറയുന്നു.