Breaking News

എസ്.ഐയ്‌ക്കെതിരെ രാഷ്ട്രീയ നടപടി: കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഉന്തുംതള്ളും

എം.എല്‍.എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

വര്‍ക്കല: വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിഷിനെതിരെ സി.പി.എം നേതൃത്വം രാഷ്ട്രീയ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ഥലം എം.എല്‍.എ അഡ്വ.വി.ജോയിക്കെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
പ്രതിഷേധ മാര്‍ച്ച് മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മുനിസിപ്പല്‍ പാര്‍ക്കിന് മുന്നിലെത്തിയപ്പോള്‍ പോലീസ് കയറുകെട്ടി തടഞ്ഞു. അതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമായി.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ അവിടെത്തന്നെ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് എല്‍.ഡി.എഫ് ഭരണകാലത്ത് വര്‍ക്കലയില്‍ നടക്കുന്നതെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത വര്‍ക്കല കഹാര്‍ പറഞ്ഞു. എല്‍.ഡി.എഫുകാര്‍ക്ക് പ്രത്യേകം നിയമം രാജ്യത്തുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വര്‍ക്കലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ പ്രതികളായി പിടിക്കപ്പെടുന്നവരുടെ രക്ഷകനായി എത്തുന്നത് എം.എല്‍.എ ജോയിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ വര്‍ക്കലയില്‍ നടക്കുന്നുണ്ടെന്നും അതൊന്നും പൊതുജനശ്രദ്ധയില്‍ വരുന്നില്ലെന്നും ഇങ്ങനെയുള്ള സംഭവങ്ങളില്‍ ജനമനസാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

നാലേ മുക്കാല്‍ വര്‍ഷം മുമ്പ് യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ വര്‍ക്കലയിലെ പോലീസുകാര്‍ മനസ്സമാധാനത്തോടെ അവരുടെ ജോലി കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് അതിന് സാധിക്കുന്നില്ലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ബി.ഷാലി പറഞ്ഞു. ഭരണത്തിലിരിക്കുന്നതിന്റെ അഹങ്കാരം കാണിച്ച് ഒരു യു.ഡി.എഫുകാരനും ഒരു പ്രതിയെയും പോലീസ് സ്‌റ്റേഷനില്‍നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയിട്ടില്ല. ഒരു പീഡനക്കേസിലെയും പ്രതികളെ രക്ഷിക്കാന്‍ വേണ്ടി യു.ഡി.എഫുകാര്‍ ആരുംതന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കയറിച്ചെന്നിട്ടില്ല. ഇന്ന് വര്‍ക്കലയില്‍ ക്രമസമാധാനം നടപ്പാക്കുന്നത് സ്ഥലം എം.എല്‍.എയും കുട്ടി സഖാക്കന്മാരുമാണ്-അദ്ദേഹം ആരോപിച്ചു.
ഐ.പി.സി 341, 323, 324 സെക്ഷനുകള്‍ പ്രകാരം വര്‍ക്കല കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നാസിമുദ്ദീന്‍. പ്രതിയെ കാണാനില്ലെന്നാണ് ആ അറസ്റ്റ് വാറണ്ടിന് വര്‍ക്കല പോലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന മറുപടി. അതേ പ്രതിയാണ് പോലീസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന് അക്രമം നടത്തിയത്. എന്നിട്ടും അയാളെ അറസ്റ്റ് ചെയ്യാന്‍ വര്‍ക്കല പോലീസിന് സാധിച്ചില്ല. കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് അറസ്റ്റ് വാറണ്ട് നിലവിലുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീനെ ഇറക്കിവിട്ട നടപടിക്ക് വര്‍ക്കല പോലീസ് നിയമപരമായ മറുപടി പറയേണ്ടി വരുമെന്നും അഡ്വ.ബി.ഷാലി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിഹാദ് പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് വര്‍ക്കല മണ്ഡലം ചെയര്‍മാന്‍ ധനപാലന്‍, വര്‍ക്കല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജി വേളിക്കാട്, ശിവഗിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ജോയി, കൗണ്‍സിലര്‍മാരായ സലിം, രാഗശ്രീ, പ്രദീപ്, നേതാക്കന്മാരായ വൈ.ഷാജഹാന്‍, അജി വേളിക്കാട്, കുഞ്ഞുമോന്‍, നൈസാം, ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *