Breaking News

കാപ്പില്‍ തീരത്ത് അനധികൃത നിര്‍മ്മാണം തുടരുന്നു; സി.പി.എം ഒത്താശയോടെയെന്ന് സംശയം

കാപ്പില്‍ തീരത്ത് നടന്നുവരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം

വര്‍ക്കല: ഇടവ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാപ്പില്‍ തീരത്ത് ടൂറിസത്തിന്റെ മറവില്‍ അനധികൃത നിര്‍മ്മാണം വീണ്ടും. കഴിഞ്ഞയാഴ്ച ഇവിടെ നടക്കുന്ന അനധികൃത നിര്‍മ്മാണം ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലികിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ തടയുകയും തൊഴിലാളികള്‍ക്ക് താക്കീത് നല്‍കി പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാര്‍, മെമ്പര്‍മാരായ സജികുമാര്‍, നസീഫ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍, നാട്ടില്‍ നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഇവിടെ നടന്നുവന്നിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നാണ് കഴിഞ്ഞയാഴ്ച ബാലിക് ബീക്കണ്‍ ന്യൂസിനോട് പറഞ്ഞത്. ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നും തിരക്കുഴിയില്‍നിന്നും പാലിക്കേണ്ട അകലം പാലിച്ചല്ല ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തെ കുറിച്ച് ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലിക് ബീക്കണ്‍ ന്യൂസിനോട് വിശദീകരിച്ചപ്പോള്‍

ഇവിടെ വച്ചുപിടിപ്പിച്ചിരുന്ന കാറ്റാടി മരങ്ങള്‍ വെട്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ബാലിക് ചൂണ്ടിക്കാട്ടി. എല്ലാ അര്‍ത്ഥത്തിലും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റിക്കുമെന്നും അവര്‍ മാറ്റിയില്ലെങ്കില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ പഞ്ചായത്ത് തന്നെ നേരിട്ട് പൊളിച്ചുമാറ്റല്‍ നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
അതുകൊണ്ടുതന്നെ ഈ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ വീണ്ടും തുടങ്ങിയതിന് പിന്നില്‍ സി.പി.എമ്മിന്റെ മൗനാനുവാദം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ജനസംസാരം. അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റുമെന്ന് ഉറപ്പുനല്‍കിയവരുടെ കണ്‍മുന്നില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിക്കുകയും ഉത്തരവാദപ്പെട്ടവര്‍ കാണാത്ത ഭാവം നടിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ സംശയം ബലപ്പെടുകയും ചെയ്യുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടം കടലിനും കായലിനും ഇടയിലുള്ള ഭൂപ്രദേശമാണ്. അതീവ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കുന്ന ഈ പ്രദേശത്താണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്. കടലേറ്റങ്ങളും കരയിടിച്ചിലുമൊക്കെ സംഭവിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ തീരദേശ പരിപാലന നിയമങ്ങള്‍ പാടെ ലംഘിച്ചുകൊണ്ട് ഇവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയാണ്.
തടിയും മുളകളും കൊണ്ട് എളുപ്പം പൊളിച്ചുമാറ്റാവുന്ന രീതിയില്‍ താല്‍ക്കാലിക ഷെഡുകളായിട്ടായിരുന്നു ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാല്‍, ഇപ്പോള്‍ ഇവിടെ ഏഴോളം വരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അനധികൃതായി നിര്‍മ്മിച്ചുവരുന്നത്. ചുരുങ്ങിയ ദിവസംകൊണ്ട് അതിവേഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വൈദ്യുത പ്രകാശത്തിന്റെ സഹായത്തോടെ രാത്രി കാലങ്ങളിലും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *