
വര്‍ക്കല: ഇടവ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാപ്പില്‍ തീരത്ത് ടൂറിസത്തിന്റെ മറവില്‍ അനധികൃത നിര്‍മ്മാണം. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടം കടലിനും കായലിനും ഇടയിലുള്ള ഭൂപ്രദേശമാണ്. അതീവ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കുന്ന ഈ പ്രദേശത്താണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്.
കടലേറ്റങ്ങളും കരയിടിച്ചിലുമൊക്കെ സംഭവിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ഇവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയാണ്. തടിയും മുളകളും കൊണ്ട് എളുപ്പം പൊളിച്ചുമാറ്റാവുന്ന രീതിയില്‍ താല്‍ക്കാലിക ഷെഡുകളായിട്ടായിരുന്നു ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

എന്നാല്‍, ഇപ്പോള്‍ ഇവിടെ ഏഴോളം വരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് അനധികൃതായി നിര്‍മ്മിച്ചുവരുന്നത്. ചുരുങ്ങിയ ദിവസംകൊണ്ട് അതിവേഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വൈദ്യുത പ്രകാശത്തിന്റെ സഹായത്തോടെ രാത്രി കാലങ്ങളിലും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചത്തെ അവധി മുതലെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടരുകയായിരുന്നു. ഇന്ന് രാവിലെ പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി പണി വീണ്ടും നിര്‍ത്തിവയ്പിക്കുകയും തൊഴിലാളികളെ താക്കീത് നല്കി പറഞ്ഞയയ്ക്കുകയും ചെയ്തു.
അനധികൃത നിയമനങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലിക് പറഞ്ഞു. ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണെന്ന് ബാലിക് വ്യക്തമാക്കി. തിരക്കുഴിയില്നിന്നും പാലിക്കേണ്ട അകലം പാലിച്ചല്ല ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വച്ചുപിടിപ്പിച്ചിരുന്ന കാറ്റാടി മരങ്ങള്‍ വെട്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ബാലിക് ചൂണ്ടിക്കാട്ടി. എല്ലാ അര്‍ത്ഥത്തിലും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റിക്കുമെന്നും അവര്‍ മാറ്റിയില്ലെങ്കില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ പഞ്ചായത്ത് തന്നെ നേരിട്ട് പൊളിച്ചുമാറ്റല്‍ നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് ശുഭ.ആര്.എസ്.കുമാര്‍, മെമ്പര്‍മാരായ സജികുമാര്‍, നസീഫ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.