Breaking News

ന്യൂനപക്ഷങ്ങള്‍ക്ക് യു.പിയില്‍ അരക്ഷിതാവസ്ഥ; യോഗിക്കെതിരെ എ.വിജയരാഘവന്‍

എ.വിജയരാഘവന്‍

മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യോഗിയുടെ യു.പിയില്‍ അരക്ഷിതാവസ്ഥയെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. ഇസ്‌ലാം മതവിശ്വാസികളെ റോഡിലിട്ട് തല്ലിക്കൊല്ലുകയും പശുവിന്റെ പേരില്‍ ദളിതരെ ആക്രമിക്കുകയും ചെയ്യുന്നത് യു.പിയില്‍ പതിവാണ്. എന്നാല്‍ അത് കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം കേരളത്തിലെ ബിജെപി നേതാക്കള്‍ യോഗി ആദിത്യനാഥിന് പറഞ്ഞുകൊടുക്കണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍്ത്തു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗത്തോട് എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്കിടെ പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍. ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങളൊന്നും തൊടാതെ ബി.ജെ.പി നേതാക്കള്‍ ലൗ ജിഹാദ് പോലത്തെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി എന്നാല്‍ ഫെഡറലിസത്തെ തകര്‍ക്കുന്ന ഒരു ഏര്‍പ്പാടാണ്. പെട്രോളിന് വില വര്‍ധിപ്പിച്ച് അതുംകൂടി പിടിച്ചെടുക്കാനാണ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നത്. ആ തന്ത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് വീഴാന്‍ പറ്റില്ല. ഇങ്ങനെയായിരുന്നു പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചത്.
കേരളത്തിലുള്ളത് പ്രോ ബിജെപി കോണ്‍ഗ്രസാണ്. ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനത്തില്‍ വ്യത്യാസമുണ്ടാകും. സര്‍വേകള്‍ കണ്ട് കുഴിയില്‍ ചാടാന്‍ ഇടതുപക്ഷം തുനിയില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *