Breaking News

അതിര്‍ത്തി കടക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: കര്‍ണാടക കടുത്ത നടപടിയിലേക്ക്

പ്രതീകാത്മക ചിത്രം

ബെംഗളൂരു: കര്‍ണാടക അതിര്‍ത്തി കടക്കാന്‍ മലയാളിക്ക് ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക കടുത്ത ഉപാധികള്‍ വച്ചത്. നേരത്തെ, കര്‍ണാടക അതിര്‍ത്തി അടച്ചിരുന്നു. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ വഴികളും അടച്ചു. ഇത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.
ചരക്ക് ഗതാഗതമുള്‍പ്പെടെ തടഞ്ഞതോടെ കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക് വന്ന വാഹനങ്ങളും തടഞ്ഞു. ഇതേതുടര്‍ന്ന് പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് പോലീസുമായി ചര്‍ച്ച നടത്തി. അതിനുശേഷം ഇനി ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന ഉപാധികളോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കു നിയന്ത്രണമില്ല.
ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ റജിസ്റ്റര്‍ ചെയ്തശേഷമാണ് കടത്തിവിടുന്നത്. വയനാട്-കര്‍ണാടക അതിര്‍ത്തിയിലെ മറ്റ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *