
ന്യൂഡല്‍ഹി: ‘ടൂള്‍ കിറ്റ്’ ട്വീറ്റ് ചെയ്ത ഗ്രേറ്റ ത്വീന്ബര്ഗിനോട് അറസ്റ്റ് ഭയന്ന് അത് പിന്‍വലിക്കാന്‍ ദിശ ആവശ്യപ്പെട്ടതായി പോലീസ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള പരിപാടികള്‍ വിവരിക്കുന്ന ‘ടൂള്‍ കിറ്റ്’ ഗ്രേറ്റ ട്വീറ്റ് ചെയ്തതിന് പിന്നാലെ ട്വീറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദിശ വാട്സ് ആപ് സന്ദേശം അയച്ചതായും പോലീസ് വെളിപ്പെടുത്തുന്നു.
‘ടൂള്‍ കിറ്റ്’ ട്വീറ്റ് പുറത്തുവന്നാല്‍ തന്നെയും തന്നോടൊപ്പമുള്ളവരെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തേക്കുമെന്നും ദിശ ഗ്രേറ്റയെ അറിയിച്ചു. അതോടെ ഗ്രേറ്റ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍, ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും അവര്‍ അത് ട്വിറ്ററില്‍ പങ്കുവച്ചു. ഗ്രേറ്റ ‘ടൂള്‍ കിറ്റ്’ ട്വീറ്റ് ചെയ്തതാണ് കേസില്‍ നിര്‍ണായകമായതെന്നും പോലീസ് പറയുന്നു.
‘ആസ്ക് ഇന്ത്യ വൈ’, ‘വേള്‍ഡ് ഈസ് വാച്ചിങ്’ തുടങ്ങിയ ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, അവ ഏതൊക്കെ തീയതികളില്‍ പ്രചരിപ്പിക്കണം, യു.എന്‍ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളെയും മറ്റ് വിദേശ പ്രമുഖരെയും ടാഗ് ചെയ്ത് ഹാഷ്ടാഗ് പ്രചരിപ്പിക്കണമെന്ന നിര്‍ദ്ദേശം, ഫെബ്രുവരി 4, 5 തീയതികളില്‍ വ്യാപകമായ ട്വിറ്റര്‍ പ്രചരണവും ഫെബ്രുവരി 21 മുതല്‍ 26 വരെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കണമെന്ന നിര്‍ദേശം, വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ ഐക്യദാര്‍ഢ്യം പ്രചരിപ്പിക്കണമെന്ന നിര്‍ദേശം തുടങ്ങിയവയാണ് ‘ടൂള്‍ കിറ്റി’ന്റെ വിശദാംശങ്ങള്‍.
അതേസമയം, ബംഗളുരുവില്‍ അറസ്റ്റിലായ ദിശയെ അവിടെ കോടതിയില്‍ ഹാജരാക്കാക്കിയില്ല, ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ദിശ ആവശ്യപ്പെട്ട അഭിഭാഷകനെ ലഭ്യമാക്കിയില്ല എന്നീ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാല്‍ രംഗത്തുവന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മിഷന് പൊലീസിനു നോട്ടിസ് നല്‍കുകയും ചെയ്തു. 19ന് അകം മറുപടി നല്‍കണമെന്നും കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.