
ലഖ്‌നൗ: സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ അന്‍സാദ് ബദ്‌റുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നല്‍കാന്‍ എത്തിയവരാണെന്ന് ഉത്തര്‍ പ്രദേശ് പോലീസ്. കേരളത്തിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. വസന്ത പഞ്ചമി ദിനത്തില്‍ ഉത്തര്‍പ്രദേശിലുടനീളം സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇവരില്‍നിന്നും 16 തരം സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്.
ചില ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഖ്‌നൗവിന് അടുത്തുള്ള കൂക്രയില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 32 കാറ്ററിഡ്ജ് തിരകളും ഇവരില്‍നിന്ന് കണ്ടെടുത്തു.
എന്നാല്‍, ഉത്തര്‍ പ്രദേശ് പോലീസിന്റെ പിടിയിലായ പ്രവര്‍ത്തകരെ ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി. പോലീസ് പിടികൂടിയത് സംഘടനാ ചുമതലയുമായി ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പറയുന്നത്.
ഫെബ്രുവരി 11ന് ശേഷം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വടകരയിലെയും പന്തളത്തേയും ലോക്കല്‍ സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നുവെന്നും പൗരത്വ ബില്‍ നടപ്പാക്കുന്നതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് യുപിയില്‍ നടത്തിയ നിയമപരമായ ഇടപെടലുകള്‍ക്കുള്ള പ്രതികാര നടപടിയാണ് അറസ്റ്റിന്റെ കാരണമെന്നും സംഘടന പറയുന്നു.