
ന്യൂഡല്‍ഹി: ഫിംഗര്‍ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്ന് എന്തിന് ഫിംഗര്‍ മൂന്നിലേക്ക് പിന്മാറുന്നതെന്തിനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യ ഫിംഗര്‍ മൂന്നിലെ ധന്‍സിങ് ഥാപ പോസ്റ്റിലേക്കും പിന്മാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യന്‍ ഭൂപ്രദേശം മോദി ചൈനയ്ക്ക് അടിയറവ് വച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ഭീരുവാണെന്നും പരിഹസിച്ചു. ചൈനയ്ക്കെതിരായി നിലപാടെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി ഒരു ഭീരുവാണ്. ചൈനയ്ക്കെതിരേ നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതാണ് വസ്തുത. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം ചൈനയ്‌ക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല-‘ രാഹുല്‍ പറഞ്ഞു.
‘ചൈനയുടെ മുന്നില്‍ നരേന്ദ്രമോദി തന്റെ ശിരസ്സ് കുനിച്ചു. നമ്മുടെ ഭൂമി ഫിംഗര്‍ 4 വരെയാണ്. ഫിംഗര്‍ 3 മുതല്‍ ഫിംഗര്‍ 4 വരെയുളള ഇന്ത്യന്‍ ഭൂമിയാണ് പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനല്‍കിയത്. മറ്റൊന്ന്, തന്ത്രപരമായ ഡെപ്സാങ് മേഖലയില്‍ ചൈന അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതേ കുറിച്ച് പ്രതിരോധ മന്ത്രി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. നമ്മുടെ പവിത്രഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനല്‍കിയിരിക്കുകയാണെന്നുളളതാണ് സത്യം. ഇക്കാര്യങ്ങളില്‍ വ്യക്തത വേണം.’ – രാഹുല്‍ ആവശ്യപ്പെട്ടു.