
കോട്ടയം: എന്‍.സി.പിയുടെ മുന്നണി മാറ്റത്തിന് ദേശീയ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അനുമതി ലഭിച്ചു. ഇന്ന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മാണി സി. കാപ്പന്‍ എംഎല്‍എയും തമ്മില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കും. അതിന് ശേഷമാകും മുന്നണി മാറ്റത്തില്‍ തീരുമാനം പ്രഖ്യാപിക്കുക. മന്ത്രി എ.കെ.ശശീന്ദ്രനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നതും ഈയവസരത്തില്‍ ശ്രദ്ധേയമാണ്.
ശരദ് പവാറുമായി ഇന്നലെ ടി.പി. പീതാംബരനും മാണി.സി.കാപ്പനും ചര്‍ച്ച നടത്തിയിരുന്നു. പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിട്ടു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കാപ്പന്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. ടി.പി.പീതാംബരനും ഇടതുമുന്നണിയില്‍നിന്ന് വിട്ടുപോകുന്നതാണ് നല്ലതെന്ന നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടതുമുന്നണിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹം പവാറിനെ അറിയിച്ചത്. എല്‍.ഡി.എഫിനേക്കാളും പരിഗണന യു.ഡി.എഫില്‍ ലഭിക്കുമെന്നും ടി.പി.പീതാംബരനും കാപ്പനും പവാറിനെ അറിയിച്ചു.
തുടക്കത്തില്‍ എല്‍.ഡി.എഫ് വിടുന്നതിനോട് വിമുഖത കാട്ടിയ പവാര്‍ പിന്നീട് വഴങ്ങുകയായിരുന്നു. എലത്തൂരും കുട്ടനാടുമായി രണ്ട് സീറ്റുകള്‍ എല്‍.ഡി.എഫ് നല്‍കില്ലേയെന്ന ചോദ്യത്തിന് യുഡിഎഫില്‍ പോയാല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു പീതാംബരന്റെയും കാപ്പന്റെയും മറുപടി. ഇതോടെ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിനൊപ്പം ചേരുന്നതാണ് പാര്‍ട്ടിക്ക് നല്ലതെങ്കില്‍ അങ്ങനെയാവാമെന്ന നിലപാടിലേക്ക് പവാര്‍ എത്തി.
യു.ഡി.എഫിലേക്ക് വരുന്നുണ്ടെങ്കില്‍ അക്കാര്യം ഞായറാഴ്ചയ്ക്ക് മുമ്പ് അറിയിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞതായും കാപ്പന്‍ വെളിപ്പെടുത്തി. ഇന്ന് യോഗം ചേര്‍ന്ന് നിലപാട് എടുക്കാമെന്ന് പവാര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.