Breaking News

കാര്‍ഷിക ബില്‍: വര്‍ക്കലയില്‍ ബി.ജെ.പിയുടെ നയവിശദീകരണ യോഗം

കര്‍ഷക മോര്‍ച്ചയുടെ നയവിശദീകരണ യോഗത്തില്‍നിന്ന്‌

വര്‍ക്കല: കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി വര്‍ക്കലയില്‍ ബി.ജെ.പി നയവിശദീകരണ യോഗം നടത്തി. ബി.ജെ.പി കര്‍ഷക മോര്‍ച്ച വര്‍ക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് 5 നാണ് നയവിശദീകരണ യോഗം നടത്തിയത്. വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പഞ്ചവടി മോഹനന്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനവും സംരക്ഷണവും നല്‍കുന്ന നിയമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചവടി മോഹനന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളും ഇടനിലക്കാരും കൂടി കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ഷകരോട് യാതൊരു പ്രതിബദ്ധതയുമില്ല. അവരുടെ ലക്ഷ്യം സാമ്പത്തിക നേട്ടമാണ്. ഇടനിലക്കാരുടെ ലക്ഷ്യം സാമ്പത്തിക നേട്ടവും. അതിന് പാവം കര്‍ഷകരെ അവര്‍ കരുവാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദമാക്കി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ കാര്‍ഷിക വ്യാപാര നിയമമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സുഭാഷ് പറഞ്ഞു. അത് പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല, വര്‍ഷങ്ങളോളം ചര്‍ച്ച നടത്തിയാണ് പുതിയ കാര്‍ഷിക വ്യാപാര നിയമം രൂപപ്പെടുത്തിയത്. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ പര്യാപ്തമായ നിയമത്തെ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും മണ്ഡികളിലെ ഏജന്റുമാരും തീവ്രവാദ ശക്തികളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ കാര്‍ഷിക നിയമത്തിലൂടെ താങ്ങുവില ഇല്ലാതാകുന്നില്ലെന്നും കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സിവില്‍ കോര്‍ട്ടിനെ സമീപിക്കാനുള്ള അവസരമുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ വെങ്ങാനൂര്‍ ഗോപകുമാര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ ഒരു മാസത്തിനകം പരിഹരിക്കുമെന്നും കാര്‍ഷിക നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇ-നാം പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തെവിടെയും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമത്തിലൂടെ ലഭിച്ചിരിക്കുകയാണ്. അതുവഴി മണ്ഡി സമ്പ്രദായത്തിലെ ഏജന്റുമാരെ ഒഴിവാക്കി കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. കാര്‍ഷിക ബില്ലിനെതിരെ നില്‍ക്കുന്നവര്‍ക്ക് കര്‍ഷകരോട് ആത്മാര്‍ത്ഥതയൊന്നുമില്ല. അവരുടെ ലക്ഷ്യം സ്വാര്‍ത്ഥതാല്‍പര്യം സംരക്ഷിക്കപ്പെടുക എന്നതാണ്. തിരുവനന്തപുരം ജില്ലയിലെ ആനയറയും നെടുമങ്ങാടുമുള്ള വേള്‍ഡ് മാര്‍ക്കറ്റുകളില്‍ കര്‍ഷകര്‍ വിറ്റ ഉല്‍പ്പന്നങ്ങളുടെ വില മാസങ്ങളായി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ അതിനെ കുറിച്ച് വേവലാതിയില്ലാത്തവര്‍ കാര്‍ഷിക നിയമം കോര്‍പറേറ്റുകള്‍ക്ക് അനുകൂലമെന്ന് പ്രചരിപ്പിക്കുന്നത് വെറുതെയാണ്. പക്ഷേ, ഇന്ത്യന്‍ വിപണിയുടെ നല്ലൊരു ശതമാനവും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കുത്തകകള്‍ കൈക്കലാക്കിയതില്‍ ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല. ചൈനീസ് കമ്പനികളുടെ കടന്നുകയറ്റത്തിലും ഇവര്‍ക്ക് വേവലാതിയില്ല-അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്, സംസ്ഥാന സെക്രട്ടറി എം.വി.രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ചാവര്‍കോട് ഹരിലാല്‍, ബി.ജെ.പി വര്‍ക്കല മണ്ഡലം പ്രസിഡന്റ് ഇലകമണ്‍ ബിജു, ജനറല്‍ സെക്രട്ടറി തച്ചോട് സുധീര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് നാവായിക്കുളം ഗോപാലകൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *