Breaking News

വര്‍ക്കലയില്‍ വീടുകയറി ആക്രമണം, കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

മരിച്ച രാജുവിന്റെ വീട്, ഇന്‍സൈറ്റില്‍ രാജു

വര്‍ക്കല: അയിരൂര്‍ ചാരുംകുഴിയില്‍ നടന്ന കൊലപാതകത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. അയിരൂര്‍ സ്വദേശികളായ സന്തോഷ്, കുഞ്ഞുമോന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അയിരൂര്‍ ചാരുംകുഴി ചരുവിള വീട്ടില്‍ കണ്ണന്‍ എന്ന രാജു(35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം നടന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സന്തോഷിന്റെ അയല്‍വാസികളായ വൈശാഖ്, വിശാഖ് എന്നിവര്‍ ഇന്നലെ വൈകുന്നേരം സന്തോഷും ഭാര്യയും തോലൊടിച്ചുകൊണ്ടിരിക്കെ സന്തോഷിനെ അസഭ്യം പറഞ്ഞു. ഇതേത്തുടര്‍ന്ന് സന്തോഷ് ഇവരെ മര്‍ദ്ദിച്ചു. ഇതിന്റെ പ്രതികാരമായി വൈശാഖ്, രാജു, ശങ്കര്‍, മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് രാത്രി 12 മണിയോടെ സന്തോഷിന്റെ വീട്ടില്‍ കയറി സന്തോഷിനെയും കുടുംബത്തെയും ആക്രമിച്ചു. ബഹളം കേട്ട് അയല്‍വാസിയായ കുഞ്ഞുമോന്‍ എത്തി. അതോടെ അക്രമികള്‍ കുഞ്ഞുമോനെയും മര്‍ദ്ദിച്ചു. ഇതോടെ കുഞ്ഞുമോന്‍ വീട്ടില്‍പോയി കത്തിയെടുത്തുകൊണ്ടുവന്ന് അക്രമികളിലൊരാളായ രാജുവിനെ കുത്തുകയായിരുന്നു. ഇതേസമയം തന്നെ സന്തോഷ് ഇരുമ്പ് വടികൊണ്ട് രാജുവിനെ അടിക്കുകയും ചെയ്തു. ഇതോടെ രാജു മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ സന്തോഷിന്റെ വീടുകയറി ആക്രമിച്ച മരണപ്പെട്ട് രാജു, വൈശാഖ്, ശങ്കര്‍, മിഥുന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു. ഭവനഭേദനം, കൊലപാതക ശ്രമം, സ്ത്രീകളെ ആക്രമിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *