
ആലപ്പുഴ: അരനൂറ്റാണ്ടുകാലത്തെ ജനങ്ങളുടെ സ്വപ്നത്തിന് സാഫല്യമേകിക്കൊണ്ട് ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ജനതയ്ക്ക് ആശംസകളര്‍പ്പിച്ച കേന്ദ്രമന്ത്രി കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും പറഞ്ഞു. റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്കി. രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് വാഹനാപകടങ്ങളെന്നും അതിനാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു.
കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് അരനൂറ്റാണ്ട് കാത്തിരുന്ന ആലപ്പുഴ ബൈപ്പാസെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 1970 കളില്‍ 17 കോടി ചെലവ് പ്രതീക്ഷിച്ച ബൈപാസ് ഇന്ന് 348 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. കേന്ദ്രമന്ത്രി പറഞ്ഞതുപോലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനായുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഉടന്‍ നീങ്ങും. വാഹനാപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. അതിന് കേന്ദ്രവുമായി വിശദമായി ചര്‍ച്ച നടത്തും-മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട റിങ് റോഡ് പദ്ധതിക്ക് സഹായം നല്കുന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി വീതവും പൊതുമരാമത്ത് വകുപ്പ് റെയില്‍വേ അനുമതിക്ക് വേണ്ടി 7.5 കോടി രൂപയും ചെലവഴിച്ചുവെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. ‘കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ ബൈപ്പാസ്. കേരളവും കേന്ദ്രവും വ്യത്യസ്ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര് കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപ്പാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തില്‍ ഫ്ളക്സ് വയ്ക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ ഫ്ളക്സ് വയ്ക്കാന്‍ അവര്‍ക്കാവില്ല. സര്‍ക്കാര്‍ പോലും നിയമാനുസൃതമായ ഫ്ളക്സുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകളാണ്’-അദ്ദേഹം വ്യക്തമാക്കി.
35 വര്‍ഷം കൊണ്ട് ബൈപാസ് നിര്‍മാണത്തിന്റെ 20 ശതമാനമാണ് തീര്‍ന്നതെങ്കില്‍ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിര്‍മാണം 100 ശതമാനം പൂര്‍ത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരന്, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമന്, എ.എം.ആരിഫ് എംഎംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കളര്‍കോട് മുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ ദൈര്‍ഘ്യം. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലം മാത്രം 3.2 കി.മീ. ദൈര്‍ഘ്യമുണ്ട്. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയാണിത്.