Breaking News

ആനപ്രേമികളുടെ തമ്പുരാന്‍ മംഗലാംകുന്ന് കര്‍ണ്ണന്‍ ചരിഞ്ഞു

ചെര്‍പ്പുളശ്ശേരി: പൂരപ്പറമ്പുകളില്‍ തലപ്പൊക്കത്തിന്റെ തമ്പുരാനെന്ന് പേരുകേട്ട ഗജവീരന്‍ മംഗലാംകുന്ന് കര്‍ണ്ണന്‍ ചരിഞ്ഞു. ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെയായിരുന്നു കര്‍ണ്ണന്‍ ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരമെന്നാണ് പ്രാഥമിക നിഗമനം. 60 വയസ്സ് പ്രായമുണ്ടായിരുന്നു കര്‍ണ്ണന്.
തന്റെ നിലവുകൊണ്ട് ഉത്സവപ്പറമ്പുകളില്‍ തന്റേതായ സാമ്രാജ്യം തീര്‍ക്കാന്‍ കര്‍ണ്ണന് സാധിച്ചിരുന്നു. തന്നേക്കാള്‍ പൊക്കമുള്ള ആനകള്‍ക്കൊപ്പം നില്‍ക്കുമ്പോഴും ഈ നിലവുകൊണ്ട് കര്‍ണ്ണന്‍ എന്നും വ്യത്യസ്തനായിരുന്നു. ഇടനീളമെന്ന് വിളിക്കുന്ന ഉടല്‍നീളവും കൂടുതലായിരുന്നു കര്‍ണ്ണന്.
പ്രശസ്തമായ ഇത്തിത്താനം ഗജമേളയിലും വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിലും കര്‍ണ്ണന്‍ വിജയത്തിന്റെ തേരിലേറിയിട്ടുണ്ട്. ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായ ചരിത്രമുണ്ട് കര്‍ണന്.
ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. എഴുന്നള്ളത്തിന് തയാറായി നിന്നാല്‍ തിടമ്പ് ഇറക്കുന്നതുവരെ തലയെടുത്തുപിടിച്ചുള്ള നില്‍പായിരുന്നു കര്‍ണ്ണനെ ആനപ്രേമികളുടെ മനസ്സില്‍ തമ്പുരാനാക്കിയത്. 1991 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *