
തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. ഇതേതുടര്‍ന്ന് തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ വന്നതോടെ വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശും രണ്ട് ജനറല്‍ സെക്രട്ടറിമാരും തമ്മില്‍ തുടക്കം മുതലേ ഭിന്നത നിലനില്‍ക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 62 സീറ്റുകള്‍ നേടി അധികാരത്തില്‍ വരാമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, മുമ്പുണ്ടായിരുന്ന 35 സീറ്റുകളില്‍നിന്ന് ഒരു സീറ്റുപോലും കൂടുതല്‍ നേടാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. 11 സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
തലസ്ഥാനത്ത് മാത്രമല്ല ജില്ലയില്‍ ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമുള്ള വര്‍ക്കലയിലും ഗുരുതരമായ പ്രശ്നങ്ങളാണ് ബി.ജെ.പി നേരിടുന്നത്. വര്‍ക്കലയിലും മണ്ഡലം പ്രസിഡന്റ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. വര്‍ക്കല മണ്ഡലം പ്രസിഡന്റിന്റെ രാജിക്കത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രാജി വയ്ക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍, രാജിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണെന്നാണ് സൂചന.