
ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമായി രംഗത്തില്ലാതിരുന്നത് യു.ഡി.എഫിന് കാര്യമായ ക്ഷീണമുണ്ടാക്കിയെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഉമ്മന്‍ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്നും ഹൈക്കമാന്‍ഡ് കരുതുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ ഏല്‍പിക്കും. സംഘടനാ ജനറല്‍ സെക്രട്ട കെ.സി.വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ ഉമ്മന്‍ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗ്രൂപ്പ് പോരുകള്‍ ഒഴിവാക്കി മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കാനും നിര്‍ദേശമുണ്ടാവും. താല്‍ക്കാലികമായി കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന എന്നാല്‍, പരമ്പരാഗതമായി കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.