
തിരുവനന്തപുരം: റബര്‍ സംഭരണത്തിന് സഹകരണസംഘവും കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ സാധ്യതകളും ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. കവിത ചൊല്ലിക്കൊണ്ടാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രളയത്തെ നേരിട്ടതും കോവിഡ് പ്രതിരോധവുമൊക്കെ ചൂണ്ടിക്കാട്ടി തോല്ക്കാന് മനസില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടുവെന്നും കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്ത് ലോകം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ കേരളത്തിന്റെ പുരോഗതിക്ക് വെല്ലുവിളിയാണെന്ന് പറഞ്ഞ ധനമന്ത്രി ഇത് മറികടക്കാന്‍ 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജോലിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പയനുവദിക്കും. രണ്ട് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. ജോലി നഷ്ടപ്പെട്ടാല്‍ വേറൊരു ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതി. ഫെബ്രുവരിയില്‍ ഇതിനായുള്ള രജിസ്ട്രേഷന് ആരംഭിക്കും. കാര്‍ഷിക മേഖലയെ ഉണര്‍ത്താനുള്ള പദ്ധതിയായി റബര്‍ സംഭരണത്തിന് അമുല്‍ മോഡലില്‍ സഹകരണ സംഘം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍
- പുതുതായി 2500 സ്റ്റാര്‍ട്ട് അപ്പുകള്‍. ഇതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍
- ഈ വര്‍ഷം 50,000 കോടി മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ആരംഭിക്കും
- ഈ സാമ്പത്തിക വര്‍ഷം 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
- കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍
- ടൂറിസം മേഖലയില്‍ സംരംഭകര്‍ക്കര്‍ക്ക് പലിശരഹിത വായ്പ. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും
- 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
- പ്രവാസികളുടെ തൊഴില്‍ പദ്ധതിക്ക് 100 കോടി. പ്രവാസിക്ഷേമനിധിക്ക് 9 കോടി. ക്ഷേമനിധി അംശാദായം ഉയര്‍ത്തി. വിദേശത്തുള്ളവര്‍ക്ക് 350 രൂപ, അവരുടെ പെന്ഷന് 3500 രൂപ. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് 200 രൂപ, പെന്ഷന് 3000 രൂപ
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി.
- ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000പേര്‍ക്ക് അധികപഠന സൗകര്യം.
- 150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും
- എല്ലാവീട്ടിലും ഒരു ലാപ്ടോപ്പ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യം
- 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം.
- സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍
- സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി
- ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും