
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങി. ന്യൂനപക്ഷങ്ങളുടെ വോട്ട് തിരിച്ചുപിടിക്കാനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ഇതിന്റെ ഭാഗമായി എഐസിസി പ്രതിനിധി സംഘം മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ പഞ്ചായത്ത് കമ്മിറ്റികള്‍ പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി എഐസിസി സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ജില്ലാ തലങ്ങളില്‍ യോഗം ചേരും. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുമായും എഐസിസി പ്രതിനിധി സംഘം ഇന്ന് ചര്‍ച്ച നടത്തും.
ബൂത്തുതലം മുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ജനുവരി 26ന് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓരോ ജില്ലയിലും യോഗം വിളിക്കും. യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും.
എന്നാല്‍, ജില്ല കമ്മിറ്റികളില്‍ കാര്യമായ അഴിച്ചുപണിയുണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജില്ല കമ്മിറ്റികളെ ഉടച്ചുവാര്‍ക്കുന്നത് വിപരീത ഫലം ചെയ്യുമോയെന്ന ആശങ്ക പാര്‍ട്ടി ഘടകങ്ങള്‍ക്കുണ്ട്. ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ക്ക് സെക്രട്ടറി ഐവാന്‍ ഡിസൂസ ചുക്കാന്‍ പിടിക്കും.