
ഹൈദരാബാദ്: രണ്ടര ലക്ഷം രൂപ വാങ്ങി കേരളത്തില്‍നിന്നുള്ള അബ്ദുള്‍ ലത്തീഫ് പറമ്പന്‍(56) എന്നയാള്‍ക്ക് 16 കാരിയെ നിര്‍ബന്ധിതമായി വിവാഹം ചെയ്യാന്‍ കൂട്ടുനിന്ന 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാര്‍ മുഖേന ഇയാള്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയെ ഹൈദരാബാദ് പോലീസ് മോചിപ്പിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവെന്ന് പറയുന്ന ഹൂറുന്നീസ, ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്, വാസിം ഖാന്, ഖാസി മുഹമ്മദ് ബദിയുദീന്‍ ക്വാദ്രി എന്നിവരാണ് അറസ്റ്റിലായത്.
എന്നാല്‍, അബ്ദുള്‍ ലത്തീഫിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ദയനീയമായ ജീവിത സാഹചര്യം മുതലെടുത്താണ് അകന്ന ബന്ധുവായ ഹൂറുന്നീസ നിര്‍ബന്ധിത വിവാഹം നടത്തിയത്. വിവാഹം നടത്താനായി അബ്ദുള്‍ ലത്തീഫില്‍നിന്ന് ഇവര്‍ 2.5 ലക്ഷം രൂപ വാങ്ങി. ഇതില്‍ 1.5 ലക്ഷം രൂപ ഇവര്‍ എടുക്കുകയും ബാക്കി തുക സഹായികള്‍ക്ക് വീതം വയ്ക്കുകയും ചെയ്തു.
പോക്സോ നിയമ പ്രകാരം വരനെതിരെ പൊലീസ് കേസെടുത്തു. ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് ഹൂറുന്നീസയ്ക്കെതിരെയും കേസെടുത്തു. ഇളയ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.