
ന്യൂഡല്‍ഹി: പുതുവര്‍ഷ ആശംസകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത ട്വിറ്ററില്‍ പങ്കുവച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രചോദനാത്മകമായ കവിതയെന്നാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തിരിക്കുന്ന കവിതയുടെ വിശേഷണം. കവിതയുടെ പേര് ‘സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു’ എന്നര്‍ത്ഥം വരുന്ന ‘അഭി തോ സൂരജ് ഉഗാ ഹെ’യെന്നാണ്. കവിതയുടെ വിഡിയോ ദൃശ്യങ്ങളില്‍ മോദി, സൈനികര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുടെ ദൃശ്യങ്ങളാണുള്ളത്.
രാജ്യത്തിന് പ്രധാനമന്ത്രി പുതുവര്‍ഷ ആശംസകളും അറിയിച്ചു. ഈ വര്‍ഷം എല്ലാവര്‍ക്കും ആരോഗ്യവും ആനന്ദവും സമൃദ്ധിയും ലഭിക്കട്ടെയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പുതുവര്‍ഷത്തില്‍ ലൈറ്റ് ഹൗസ് പദ്ധതികളുടെ ഭാഗമായി ഇന്‍ഡോര്‍, രാജ്‌കോട്ട്, ചെന്നൈ, റാഞ്ചി, അഗര്‍ത്തല, ലക്‌നൗ എന്നീ നഗരങ്ങളില്‍ ഭവന നിര്‍മാണ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. നഗരപ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ട് 2021 ലെ ആദ്യ ദിവസം തന്നെ ഒരു പദ്ധതിയുടെ ഭാഗമാകുമെന്നു പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു.