Breaking News

ഇലകമണില്‍ തെരഞ്ഞെടുപ്പ് നടന്നില്ല; പാങ്ങോട് പഞ്ചായത്തിലും ഭരണം പ്രതിസന്ധിയില്‍

ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഇടത് ആധിപത്യം

ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയില്‍ ഇലകമണ്‍ പഞ്ചായത്തിലും പാങ്ങോട് പഞ്ചായത്തിലും ഭരണം പ്രതിസന്ധിയില്‍. ക്വാറം തികയാത്തതാണ് ഇലകമണില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനാകാതെ ഭരണം പ്രതിസന്ധിയിലായത്. എന്നാല്‍, പാങ്ങോട് പഞ്ചായത്തിലെ പ്രതിസന്ധിക്ക് കാരണം എസ്.ഡി.പി.ഐ.യുടെ വോട്ടുവേണ്ടെന്ന എല്‍.ഡി.എഫ് നിലപാടിനെത്തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ രാജിവെച്ചതാണ്.
അതേസമയം, ജില്ലയുടെ വടക്കന്‍ മേഖലയില്‍ എല്‍.ഡി.എഫിന്റെ ആധിപത്യം. ഗ്രാമപ്പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിടങ്ങളില്‍ക്കൂടി സ്വതന്ത്രരുടെ പിന്തുണയോടെ അധികാരമുറപ്പിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. കിഴക്ക് പാങ്ങോട് മുതല്‍ പടിഞ്ഞാറ് അഞ്ചുതെങ്ങ് വരെയും തെക്ക് മംഗലപുരം മുതല്‍ വടക്ക് നാവായിക്കുളം വരെയുമുള്ള പ്രദേശത്തെ 27 ഗ്രാമപ്പഞ്ചായത്തുകളില്‍ 20 എണ്ണം എല്‍.ഡി.എഫിനാണ്. യു.ഡി.എഫ്. നാലിടത്ത് അധികാരത്തിലെത്തിയപ്പോള്‍ മേഖലയില്‍ ആദ്യമായി ബി.ജെ.പി. ഒരിടത്ത് അധികാരം പിടിച്ചു.
ചിറയിന്‍കീഴ്, വര്‍ക്കല, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍തന്നെ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.
എല്‍.ഡി.എഫ്. അധികാരത്തിലെത്തിയ ഗ്രാമപ്പഞ്ചായത്തുകളില്‍ മുദാക്കല്‍, മടവൂര്‍, നഗരൂര്‍, മംഗലപുരം, ചെമ്മരുതി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ചെമ്മരുതിയിലും മടവൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എല്‍.ഡി.എഫായിരുന്നു. മുദാക്കല്‍, നഗരൂര്‍ എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ സി.പി.എം. പ്രതിനിധികള്‍ പ്രസിഡന്റായപ്പോള്‍ മംഗലപുരത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രയെ പിന്തുണച്ച് അധികാരം നിലനിര്‍ത്തി. മുദാക്കലും നഗരൂരും വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രര്‍ക്ക് നല്കിയിട്ടുണ്ട്.
ഇടവ, വെട്ടൂര്‍, ചെമ്മരുതി, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, അഴൂര്‍, കിഴുവിലം, പോത്തന്‍കോട്, മംഗലപുരം, അണ്ടൂര്‍ക്കോണം, കല്ലറ, പഴയകുന്നുമ്മേല്‍, മടവൂര്‍, നഗരൂര്‍, പള്ളിക്കല്‍, നാവായിക്കുളം, ഒറ്റൂര്‍, മണമ്പൂര്‍, മുദാക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ്. അധികാരത്തിലെത്തിയത്. ചെറുന്നിയൂര്‍, വക്കം, കിളിമാനൂര്‍, പുളിമാത്ത് പഞ്ചായത്തുകളാണ് യു.ഡി.എഫിന് ലഭിച്ചത്.
മേഖലയില്‍ ആദ്യമായി ബി.ജെ.പി. അധികാരത്തിലെത്തുന്നത് കരവാരം പഞ്ചായത്തിലാണ്. ഇവിടെ ബി.ജെ.പി.യായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ബി.ജെ.പി. അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവിടെ അധികാരം ബി.ജെ.പി.യിലേക്കെത്തുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *