
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വസ്തു ഒഴിപ്പിക്കല്‍ തടയാന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കണമെന്നും എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാത്രമല്ല, വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെയുള്ള കുട്ടികളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. ഇക്കാര്യത്തിലും വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.
പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയ നിലയിലാണ്.