Breaking News

തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് കാരണ സഹിതം രജനിയുടെ ട്വീറ്റ്

രജനികാന്ത്

ചെന്നൈ: തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ട്വിറ്ററിലൂടെയാണ് രജനി ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാഷ്ട്രീയത്തില്‍നിന്ന് തല്‍ക്കാലം പിന്മാറുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനി ട്വിറ്ററില്‍ കുറിച്ചു.
ഡിസംബര്‍ 31 ന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുവരെ അറിയിച്ചിരുന്നത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും താന്‍ സ്വീകരിക്കുകയെന്ന പ്രസ്താവന സമൂഹത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ആധ്യാത്മിക രാഷ്ട്രീയത്തിലൂടെ ബി.ജെ.പിയുമായി രജനി അടുക്കുന്നോയെന്നതാണ് സമൂഹം ചര്‍ച്ച ചെയ്തത്. രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് രജനി മക്കള്‍ മന്‍ട്രം രൂപീകരിച്ച നാള്‍ മുതല്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായിട്ടുണ്ട്.
നാല് വര്‍ഷം മുമ്പ് രജനി അമേരിക്കയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതുകൊണ്ടുതന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങിയാല്‍ കൊറോണ വൈറസിനെ അതിജീവിക്കാനുള്ള ശേഷി അദ്ദേഹത്തിന് ഉണ്ടോയെന്നത് ആശങ്കയുണര്‍ത്തിയിരുന്നു.
എന്നാല്‍, അത് വക വയ്ക്കാതെയാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ട് പോയത്. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് 3 ദിവസം രജനി ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു
ഡിസംബര്‍ 26നാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായതും പ്രായവും മറ്റും പരിഗണിച്ച് കോവിഡ് പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. അതോടെയാണ് രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ രജനി തീരുമാനിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *