
തിരുവനന്തപുരം: കാരക്കോണത്ത് 51-കാരി ശാഖയുടെ മരണം കൊലപാതകം തന്നെയെന്ന് പോലീസിന്റെ സ്ഥിരീകരണം. ഭര്‍ത്താവ് അരുണ്‍(28) ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇപ്പോള്‍ അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്. അതിനിടെ, ശാഖയുടെ അമ്മയെ ശുശ്രൂഷിക്കുന്ന ഹോം നഴ്‌സും അയല്‍ക്കാരും അരുണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
രണ്ട് മാസം മുമ്പ് മതാചാരപ്രകാരം വിവാഹിതരായ ഇവര്‍ തമ്മില്‍ പലതവണ വഴക്കിട്ടിരുന്നുവെന്ന് ഹോം നഴ്‌സ് രേഷ്മ പറഞ്ഞു. വിവാഹ ഫോട്ടോ പുറത്തായത് അരുണിനെ പ്രകോപിപ്പിച്ചിരുന്നു. കൂടാതെ, വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. ഇതിന് മുമ്പും അരുണ്‍ വീട്ടിലെ വൈദ്യുത മീറ്റരില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും രേഷ്മ വെളിപ്പെടുത്തി.
ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാട് കണ്ടതായി അയല്‍ക്കാര്‍ പറയുന്നു. ശാഖയുടെ മൂക്ക് ചതഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍, ഷോക്കേറ്റ് വീണപ്പോള്‍ പറ്റിയതാണെന്നായിരുന്നു ഇക്കാര്യത്തെ കുറിച്ച് അരുണ്‍ പറഞ്ഞത്. അയല്‍ക്കാരാണ് ശാഖയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പഞ്ചായത്ത് അംഗമായ വിജി പറഞ്ഞു.