
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹിമാന്റെ വീട് സന്ദര്‍ശിക്കാനെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ വാഹനം ഔഫിന്റെ വീട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് അദ്ദേഹം അണികളെ കൂട്ടാതെ ഒറ്റയ്ക്ക് ഔഫിന്റെ വീട്ടിലെത്തി.
ഔഫിന്റെ വീട്ടിലേക്കുള്ള വഴിയില്‍വച്ചുതന്നെ മുനവ്വറിന്റെ വാഹനം വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തടയുകയായിരുന്നു. മുനവ്വറിനൊപ്പമുള്ള പ്രാദേശിക നേതാക്കളെ വീട്ടിലേക്ക് പ്രവേശിപ്പിക്കാനാവില്ലയെന്ന നിലപാടിലായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും. തുടര്‍ന്ന് നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെ മാത്രം വീട്ടില്‍ പ്രവേശിപ്പിക്കാമെന്ന നിലപാടിലേക്ക് വീട്ടുകാര്‍ എത്തി.
ഔഫിന്റെ കൊലപാതകത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ‘പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്’- മുനവ്വറലി പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനാണ് വീട് സന്ദര്‍ശിച്ചതെന്ന് പറഞ്ഞ അദ്ദേഹം വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.