Breaking News

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കും: ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീംഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് കുറേക്കാലമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതിരഞ്ഞെടുപ്പും വരുംവിധമാകും രാജി നല്‍കുക.
കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
യു.ഡി.എഫിനെ ലീഗ് വിഴുങ്ങുമെന്നും കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം ലീഗ് നടത്തുന്നുവെന്നും സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ പ്രചാരണം നടക്കുണ്ട്. എം.പിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവുമായി കോര്‍ത്തിണക്കി ഈ പ്രചാരണത്തിന് നല്ല പ്രാധാന്യവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *