Breaking News

ആറ്റിങ്ങൽ നഗരസഭയിൽ സത്യപ്രതിജ്ഞയോടെ പുതിയ തുടക്കം

ആറ്റിങ്ങൽ : നഗരസഭകളിലേക്കും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നു. ഇടതുപക്ഷാംഗങ്ങളിൽ മിക്കവരും ദൃഢപ്രതിജ്ഞയെടുത്തപ്പോൾ മറ്റുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

സത്യപ്രതിജ്ഞാചടങ്ങിനുശേഷം അംഗങ്ങൾ രജിസ്റ്ററിൽ ഒപ്പ് വെയ്ക്കുകയും മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേരുകയും ചെയ്തു.

നഗരസഭകളിലെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് 28-ന് രാവിലെ 11-നും ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് 2-നും നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗ്രാമപ്പഞ്ചായത്തുകളിലെയും അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 30-ന് രാവിലെ 11-നും ഉപാധ്യക്ഷ സ്ഥാനത്തേക്ക് അന്ന് ഉച്ചയ്ക്ക് 2-നും നടക്കും.

ആറ്റിങ്ങൽ നഗരസഭയിൽ തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചു. നഗരസഭാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ ജി.തുളസീധരൻപിള്ളയ്ക്ക് വരണാധികാരി ജി.രാജീവ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് തുളസീധരൻപിള്ള മറ്റ് 30 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.സത്യൻ എം.എൽ.എ., നഗരസഭാ മുൻഅധ്യക്ഷൻ എം.പ്രദീപ് എന്നിവരും വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും ചടങ്ങിനെത്തി.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നഗരൂർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.പി.മുരളിക്ക് വരണാധികാരിയായ ഏലിയാസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 14 അംഗങ്ങൾക്ക് ബി.പി.മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു.

വർക്കല നഗരസഭയിൽ മുതിർന്ന അംഗം എൻ.അശോകനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരി റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ.മോഹനകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് എൻ.അശോകൻ മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വി.ജോയി എം.എൽ.എ., നഗരസഭാ മുൻചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, പ്രാദേശിക നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വർക്കല ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം എസ്.അക്ബറിന് വരണാധികാരി ബി.എസ്.സുരേഷ്‌കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമത്തിൽ അംഗങ്ങൾക്ക് അക്ബർ സത്യവാചകം ചൊല്ലിക്കൊടുത്തു.

പഞ്ചായത്തുകളിൽ മുതിർന്ന അംഗങ്ങൾക്ക് വരണാധികാരിയും മറ്റംഗങ്ങൾക്ക് മുതിർന്ന അംഗങ്ങളും സത്യവാചകം ചൊല്ലിക്കൊടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *