
കണ്ണൂര്‍: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്റെ സൂചന നല്‍കി കെ.സി.വേണുഗോപാല്‍. ഒരാഴ്ച മുമ്പുവരെ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് പറഞ്ഞ വേണുഗോപാല്‍ ഇപ്പോള്‍ പാര്‍ട്ടിയാണ് വലുതെന്ന നിലപാടിലേക്ക് മാറിയതാണ് നേതൃമാറ്റത്തിന്റെ സൂചന നല്‍കുന്നത്. എ.ഐ.സി.സി. സംഘം കേരളത്തിലെ കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘താഴേത്തട്ടുമുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. എവിടെയൊക്കെ ദൗര്‍ബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണം. പാര്‍ട്ടി ആയിരിക്കണം മുന്‍ഗണന. പാര്‍ട്ടി മാത്രം. പാര്‍ട്ടിക്ക് അതീതമായിട്ടുളള എല്ലാ മുന്‍ഗണനയും ഒഴിവാക്കാന്‍ എല്ലാവരും മനസ്സുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിത്’-അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാനില്ല എന്ന വിലയിരുത്തലിലാണ് എ.ഐ.സി.സി. തിരുത്തല്‍ നടപടികളുടെ ആദ്യ ഭാഗമെന്ന നിലയില്‍ കേന്ദ്രനേതൃത്വത്തെ അയച്ച് റിപ്പോര്‍ട്ട് തേടുന്നത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഹൈക്കമാന്‍ഡ് കേരളത്തിലെ സംഭവങ്ങള്‍ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.