Breaking News

സ്വര്‍ണക്കടത്തു കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീളുമെന്ന് സൂചന

സരിത്ത്, സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീളുമെന്ന് സൂചന. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും പി.എസ്.സരിത്തും നല്‍കിയ മൊഴികളില്‍ സംസ്ഥാനത്തെ 4 മന്ത്രിമാരുടെ പേരുകളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികള്‍ കസ്റ്റംസിനു നല്‍കിയ മൊഴികളിലുണ്ട്.
സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹാജരാക്കിയ രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി തന്നെ പരാമര്‍ശിച്ചിരുന്നു. സ്വപ്‌നയുടെ ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വാട്‌സ്ആപ് സന്ദേശങ്ങള്‍ വീണ്ടെടുത്ത് പരിശോധിച്ചതില്‍നിന്നാണ് മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്.
ഇതേത്തുടര്‍ന്ന് സ്വപ്‌നയെയും സരിത്തിനെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കസ്റ്റംസ് കോടതിയില്‍ രഹസ്യ രേഖയായി നല്‍കിയത്. മന്ത്രിമാരില്‍ ചിലര്‍ക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്. ഇതോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീളുമെന്ന സ്ഥിതിവിശേഷമാണുള്ളത്.
ഉന്നത രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം എത്തിനില്‍ക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡല്‍ഹിയിലും ചര്‍ച്ചകള്‍ നടത്തുകയാണ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ ഡല്‍ഹിയില്‍ പോയി കസ്റ്റംസ് ബോര്‍ഡുമായി ചര്‍ച്ച നടത്തി. അദ്ദേഹം ഇന്ന് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്‌പെഷല്‍ ഡയറക്ടര്‍ പ്രശാന്ത്കുമാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തി 2 ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *