Breaking News

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് ചെലവിന് നല്‍കാന്‍ യു.എന്‍ അനുമതി

സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: യുഎന്‍ സമിതിയുടെ ലിസ്റ്റിലുള്ള ഭീകരനും മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് ചെലവിന് നല്‍കാന്‍ പാകിസ്ഥാന് യു.എന്‍ രക്ഷാകൗണ്‍സില്‍ ഉപരോധ സമിതിയുടെ അനുമതി. 1.5 ലക്ഷം പാക്കിസ്ഥാന്‍ രൂപ പ്രതിമാസ ചെലവിനായി നല്‍കാനാണ് അനുമതി.
ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, ഗതാഗതത്തിന് 15,000 രൂപ, അഭിഭാഷക ഫീസ് 20,000 രൂപ, മറ്റ് ആവശ്യങ്ങള്‍ക്ക് 20,000 രൂപ എന്നിങ്ങനെയാണ് ചെലവിന്റെ കണക്ക്. യുഎന്‍ സമിതിക്ക് പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയത്.
മുംബൈ ഭീകരാക്രമണത്തോടെ യുഎന്‍ സമിതി തന്നെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഖ്വിക്ക് മാസച്ചെലവിന് ധനസഹായം നല്‍കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇയാള്‍ 2015 മുതല്‍ ജാമ്യത്തിലാണ് കഴിയുന്നത്. ലഖ്‌വിയുടെ ജയില്‍വാസം പ്രഹസനമാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
യു.എന്‍ ഭീകരപട്ടികയിലുള്ള ഉമ്മാ തമീര്‍ ഇ നൗ എന്ന സംഘടനയുടെ സ്ഥാകനായ മഹമൂദിനും മാസച്ചെലവിന് പണം നല്‍കാന്‍ യു.എന്‍ രക്ഷാകൗണ്‍സില്‍ ഉപരോധ സമിതി അനുമതി നല്‍കിയിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ ആക്രമണം ഉണ്ടായതിന് ശേഷം അമേരിക്കയും യു.എന്നും ഇയാള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *