Breaking News

കഞ്ചാവ് കടത്ത് സംഘം പോലീസിനെ വെട്ടിച്ച് ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനില്‍

പ്രതീകാത്മക ചിത്രം

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് കഞ്ചാവ് കടത്ത് സംഘം പൊലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനില്‍. അടിമാലി 200 ഏക്കര്‍ പുത്തന്‍പുരയ്ക്കല്‍ വിനീത് (20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ് (18), അടിമാലി ഇസ്ലാം നഗറില്‍ സബിര്‍ റഹ്മാന്‍ (22), പതിനേഴുകാരന്‍ എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് പോലീസിനെ കബളിപ്പിച്ച് അതിര്‍ത്തി കടന്ന ഇരുചക്രവാഹനം കേരള പോലീസ്, എക്‌സൈസ്, വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം പരിശോധനയ്ക്കായി തടഞ്ഞു. പരിശോധനാ സംഘത്തെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസ്സുകാരനും പരിശോധനസംഘത്തെ വെട്ടിച്ച് നേരെ ഓടിക്കയറിയത് കമ്പംമേട് പോലീസ് സ്‌റ്റേഷനില്‍!
ധൃതിയില്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയവരെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പതിനേഴുകാരന്റെ പക്കല്‍ നിന്ന് 2 കിലോ കഞ്ചാവ് കണ്ടെത്തി. 2 പേരെയും ഉടന്‍തന്നെ കസ്റ്റഡിയില്‍ എടുത്തു. ഇതിനോടകം ഇവരുടെ ഫോണിലേക്ക് കൂട്ടുപ്രതികളുടെ ഫോണ്‍വിളി എത്തി. ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
കമ്പംമേട് സി.ഐ സുനില്‍കുമാര്‍.ജി, എസ്.ഐ ചാക്കോ, മധു, സുലേഖ, ഹരിദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ആര്‍.ബിനുമോന്‍, ശ്രീജു, ജയേഷ്, രാജേഷ് മോന്‍, ഷമീര്‍, റെക്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സിറില്‍ ജോസഫ്, സി.ആര്‍.സതീഷ്, ഷോബിന്‍ മാത്യു, സെയില്‍സ് ടാക്‌സ് ഡ്രൈവര്‍ ജിജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ കുടുക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *