Breaking News

സ്വര്‍ണക്കടത്ത് കേസ്: സ്പീക്കറുടെ മറുപടിയില്‍ വിശ്വാസമില്ലെന്ന് ചെന്നിത്തല

ചെന്നിത്തല, ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട മറുപടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികച്ചും ദുര്‍ബലമായ പ്രതികരണമാണ് സ്പീക്കറുടെ ഭാഗത്തുനിന്നും ഉണ്ടായത്. നേരിട്ട് മറുപടി പറയാതെ ഓഫീസ് മുഖാന്തിരം വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്പീക്കര്‍ക്ക് ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ ഭയമാണെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പീക്കറുടെ മേല്‍നോട്ടത്തില്‍ നിയമസഭ കേന്ദ്രീകരിച്ച് അടിമുടി ധൂര്‍ത്തും അഴിമതിയും നടന്നെന്നും ചെന്നിത്തല ആരോപിച്ചു. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്താണ് നടന്നത്. ഇക്കാര്യത്തില്‍ സ്പീക്കറുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ഹാള്‍ നവീകരണം, നിയമസഭാ ടിവിയുടെ കണ്‍സല്‍ടന്‍സി നിയമനം, ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ആഘോഷം എന്നിവയൊക്കെ സ്പീക്കര്‍ അഴിമതി നടത്താനുള്ള മറയാക്കി മാറ്റി.
നിയമസഭയില്‍ ആലോചിക്കാതെ, ഒരു കരാര്‍ നടപടികളുമില്ലാതെ ഊരാളുങ്കലിനെ മാത്രം നിര്‍മാണ ജോലികള്‍ ഏല്‍പ്പിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പരാതി നല്‍കിയപ്പോള്‍ മാത്രമാണ് സഭാ ടിവിയെക്കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ പോലും തയാറായത്. നിഷ്പക്ഷനാവണം സ്പീക്കര്‍. അതാണ് സഭയുടെ അന്തസ്സ്. എന്നാല്‍ ഇപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായ സ്പീക്കര്‍ക്ക് എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ചെന്നിത്തല സംശയം പ്രകടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *