
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി ആകാമെന്ന് സമ്മതിച്ചു. കര്‍ഷകരുമായി സമവായം ഉണ്ടാക്കാന്‍ അഞ്ചിന ഭേദഗതി നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു. എന്നാല്‍ ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതി നല്‍കും, കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഉള്ള നികുതി ഏകീകരിക്കും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം, കര്‍ഷകര്‍ക്ക് ഭൂമിയിലുള്ള അവകാശം നിലനിര്‍ത്തും, പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും എന്നീ അഞ്ച് നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഇന്നുതന്നെ തീരുമാനം അറിയിക്കുമെന്നും കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച കര്‍ഷക സംഘടന നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.