Breaking News

രാജ്യം കോവിഡ് വാക്‌സിന്‍ വിതരണത്തിനു തയാറെടുക്കുന്നു

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വാക്‌സിന്‍ വിതരണത്തിനു തയാറെടുക്കുന്നു. വാക്‌സിന്‍ വിതരണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളായ ഫൈസറും അസ്ട്രസെനകയും ഇതിനുള്ള നടപടികള്‍ തുടങ്ങി. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി രണ്ട് കമ്പനികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറലും ശാസ്ത്രജ്ഞരും അംഗീകരിച്ചാല്‍ ഉടന്‍തന്നെ വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.
ആദ്യഘട്ടത്തില്‍ 30 കോടിയോളം വരുന്ന മുന്‍ഗണനാ വിഭാഗത്തിനായിരിക്കും വാക്‌സിന്‍ ലഭ്യമാക്കുക. ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ പോരാടുന്നവരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും രോഗികളായ 50 വയസ്സിന് താഴെയുള്ള പൗരന്മാരും ഈ 30 കോടിയില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെ വാസ്‌കിന്‍ വിതരണത്തിനുള്ള ഡേറ്റാ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.
കോ-വിന്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് ഡേറ്റ അപ്‌ലോഡ് ചെയ്യുന്നത്. അപ്‌ലോഡ് ചെയ്യുന്ന ഡേറ്റ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടിയും പുരോഗമിക്കുന്നു. നാഷണല്‍ എക്‌സ്പര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസട്രേഷന്‍ ഫോര്‍ കോവിഡ് (എന്‍.ഇ.ജി.വി.എ.സി)യുടെ കീഴിലാണ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനങ്ങള്‍ നേതൃത്വം നല്‍കേണ്ടത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാവും സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണം നടപ്പാക്കുക.
സംസ്ഥാന തല ടാസ്‌ക്‌ഫോഴ്‌സിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നയിക്കും. ജില്ലാ തലത്തില്‍ വാക്‌സിന്‍ വിതരണത്തിന് നേതൃത്വം വഹിക്കുന്നത് ജില്ലാ കളക്ടറായിരിക്കും. ഇതിനായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. വാക്‌സിന്‍ സൂക്ഷിക്കുന്നതിനും വിപുലമായ സൗകര്യങ്ങള്‍ രാജ്യത്തുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി അറിയിച്ചു. രാജ്യത്ത് നിലവില്‍ 28,947 കോള്‍ഡ് ചെയിന്‍ പോയിന്റുകളും 85,634 ഉപകരണങ്ങളും ഉണ്ട്. ആദ്യ മൂന്നു കോടി ആളുകള്‍ക്കുളള വാക്‌സിന്‍ സംഭരിക്കാനുളള അധിക സംഭരണശേഷി ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യമൊട്ടാകെ വേണ്ടിവരുന്ന ഉപകരണങ്ങളുടെ കണക്കെടുത്ത് വിലയിരുത്തുമെന്നും കൂടുതല്‍ ഉപകരണങ്ങള്‍ ഡിസംബര്‍ പത്തു മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വാക്‌സിന്‍ വിതരണം സംബന്ധിച്ച് രൂപീകരിച്ചിട്ടുളള പദ്ധതികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി യു.ഐ.പി. പ്രകാരം ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന 13 കുത്തിവെയ്പ്പുകള്‍ പോലുളള നിലവിലെ സേവനങ്ങള്‍ അവസാനിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഒന്‍പതോളം കോവിഡ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണത്തിന് തയാറെടുക്കുന്നുണ്ട്. ഇതില്‍ ഫൈസറും കോവിഷീല്‍ഡും കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുള്ളത്. റഷ്യല്‍ വാക്‌സിന്‍ സ്പുട്‌നിക് ഫൈവ് ഇന്ത്യയില്‍ അടുത്താഴ്ച മൂന്നാം ഘട്ട ട്രയല്‍ ആരംഭിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നോവാവാക്‌സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എന്‍വിഎക്‌സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള പരിഗണനയിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *